പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കടുത്ത വിമർശനം ഉന്നയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
സർവ്വത്ര അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് വി കുഞ്ഞികൃഷ്ണന്റെ “പുതിയ ഉയിർത്തെഴുന്നേൽപ്പ്” എന്നാണ് കെ കെ രാഗേഷ് ആരോപിച്ചത്. നിരവധി തവണ പാർട്ടി കമ്മിറ്റികൾ ചർച്ചചെയ്ത് ബോധ്യപ്പെടുത്താൻ ശ്രമിച്ച വിഷയങ്ങളെയും അവഗണിച്ച്, വ്യക്തിപരമായ വിരോധം മാത്രം മുൻനിർത്തിയാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അത് എന്തിനായിരുന്നുവെന്ന് ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം വ്യക്തമാക്കുന്നുവെന്നും, അതിന് വേണ്ടി ഏത് വശത്തേക്കും നീങ്ങാൻ അദ്ദേഹം തയ്യാറായിരുന്നുവെന്നും രാഗേഷ് വിമർശിച്ചു. കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ നിലനിർത്താനുള്ള നിർണായക പോരാട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം നിർണായക സാഹചര്യത്തിലും വി കുഞ്ഞികൃഷ്ണനെപ്പോലുള്ള വൈകൃതങ്ങള്‍ വലതുപക്ഷത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് എത്ര ലജ്ജാകരമാണെന്നും രാഗേഷ് പറഞ്ഞു. തന്നെ വളർത്തിയ പ്രസ്ഥാനത്തിന് കുഞ്ഞികൃഷ്ണൻ നൽകിയ തിരിച്ചടി എന്താണെന്നും, തന്റെ ദീർഘകാല രാഷ്ട്രീയാനുഭവം വഴി പുതിയ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വയം തകർന്നു വർഗശത്രുക്കൾക്ക് സഹായകരമാകുന്ന നിലപാടാണ് ഇത് എന്നും കെ കെ രാഗേഷ് വിമർശിച്ചു.
