പയ്യന്നൂരിൽ ആര് എതിര് വന്നാലും “ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്നും, ഇത് രക്തസാക്ഷികളുടെ നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണിശത പാലിച്ച നേതാക്കളുടെ നാടായതിനാലാണ് പയ്യന്നൂർ ശക്തമായ ഇടത് കോട്ടയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മണ്ണിന്റെ പവിത്രത സംരക്ഷിക്കണമെന്നും എൽഡിഎഫ് സ്ഥാനാർഥിയായ ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മഹാന്മാരുടെ നേതൃത്വത്തിൽ വളർന്ന നാടാണ് പയ്യന്നൂരെന്നും, വലിയ പ്രതിസന്ധികളിൽ പോലും പാറ പോലെ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നവരാണ് ഇവിടുത്തുകാരെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ശ്രമിച്ചാലും ഈ പവിത്രമായ മണ്ണിനെ കളങ്കപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ, കണ്ണൂർ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സ്ഥാനമോഹം കൊണ്ടാണ് അദ്ദേഹം തെറ്റായ വഴിയിലായത് എന്ന് ആരോപിച്ച മുഖ്യമന്ത്രി, അവസരവാദത്തിന്റെ ഉദാഹരണങ്ങളെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്നും വിമർശിച്ചു.
