ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിക്കുന്നത് മറ്റേ ഗുണത്തിൽപ്പെട്ടവരാണ് എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അദ്ദേഹം സംസാരിക്കുന്നതിനായി ഷാൾ സ്വന്തം കഴുത്തിൽ ഇട്ടതാണെന്നും അതിൽ മറ്റ് ഉദ്ദേശ്യമൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബേപ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സിപിഎം–ബിജെപി ഡീൽ സംബന്ധിച്ച ആരോപണങ്ങളും സുരേഷ് ഗോപി തള്ളി. യാഥാർത്ഥ്യങ്ങൾക്കൊത്തല്ലാത്ത ഇത്തരം ആരോപണങ്ങൾക്ക് പ്രധാനമന്ത്രി തന്നെ മറുപടി പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. കുന്ദമംഗലം എൻഡിഎ സ്ഥാനാർത്ഥി വി.കെ. സജീവന് വോട്ട് അഭ്യർത്ഥിച്ചാണ് സുരേഷ് ഗോപി പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തു.
എൻഡിഎ സ്ഥാനാർത്ഥിയായ നവ്യ ഹരിദാസ് മെയ് 4 മുതൽ എംഎൽഎയായി അറിയപ്പെടുമെന്ന ആത്മവിശ്വാസവും സുരേഷ് ഗോപി പ്രകടിപ്പിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചിരുന്നുവെങ്കിൽ എളുപ്പത്തിൽ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
