കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാല നേട്ടങ്ങൾ വെറും അവകാശവാദങ്ങളല്ല, വ്യക്തമായ കണക്കുകളും തെളിവുകളും ഉൾക്കൊള്ളുന്ന വികസനരേഖയാണെന്ന് അദ്ദേഹം വ്യക്തമാക്കി. “നവകേരളത്തിന്റെ റിപ്പോർട്ട് കാർഡ്” സഹിതം ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. വിഷയത്തിൽ തുറന്ന സംവാദത്തിന് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടി. സ്കൂളുകൾ ഹൈടെക് സംവിധാനങ്ങളിലേക്ക് ഉയർത്തിയതും, അധ്യയന വർഷം തുടങ്ങുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തതും ചരിത്രപരമാണെന്ന് അദ്ദേഹം വിലയിരുത്തി. യുവാക്കൾക്കായി ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതും മാലിന്യ സംസ്കരണ രംഗത്ത് കേരളം മാതൃകയായതും ഈ ഭരണകാലത്തിന്റെ പ്രധാന അടയാളങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ജീവാമൃതം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏകദേശം 8,500 കോടി രൂപ ചെലവഴിച്ചതും ഗതാഗത മേഖലയിൽ വൻ പുരോഗതികൾ കൈവരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 200-ലധികം പാലങ്ങൾ ഈ കാലയളവിൽ നിർമ്മിച്ച് പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. വികസനത്തിന്റെ ഈ കൃത്യമായ കണക്കുകൾ തന്നെയാണ് കേരളത്തിൽ തുടർഭരണം എന്തുകൊണ്ട് ആവശ്യമാണെന്നതിന് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
