പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോള ഊർജ്ജ വിതരണത്തിൽ ഉണ്ടായ തടസ്സങ്ങൾ മറികടക്കാൻ കേന്ദ്ര സർക്കാർ നിർണ്ണായക നടപടി സ്വീകരിച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണം നടത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലുള്ള പമ്പുകൾ വഴിയായിരിക്കും വിതരണം.
മണ്ണെണ്ണ വിതരണം മുമ്പ് നിർത്തലാക്കിയിരുന്ന ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊതുവിതരണ സമ്പ്രദായത്തിലൂടെ ‘സുപ്പീരിയർ കെറോസിൻ ഓയിൽ’ വീണ്ടും ലഭ്യമാകും. പാചകത്തിനും വെളിച്ചത്തിനുമായി വീടുകളിലേക്ക് മണ്ണെണ്ണ എത്തിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ ജില്ലയിലും സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന പരമാവധി രണ്ട് പെട്രോൾ പമ്പുകൾക്ക് വിതരണാനുമതി നൽകാം. ഓരോ പമ്പിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാനും അനുമതി നൽകിയിട്ടുണ്ട്.
പെട്രോളിയം ചട്ടങ്ങളിൽ ഇളവ് വരുത്തിയതോടെ ഡീലർമാർക്കും വിതരണ വാഹനങ്ങൾക്കും ലൈസൻസ് നടപടികൾ കൂടുതൽ ലളിതമാകും. ഇതിലൂടെ മണ്ണെണ്ണയുടെ വേഗത്തിലുള്ള സംഭരണവും വിതരണവും സാധ്യമാകും. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് 60 ദിവസത്തേക്കോ അല്ലെങ്കിൽ പുതിയ ഉത്തരവ് വരുന്നതുവരെ നിലവിലുണ്ടാകും. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ നിർദേശിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിനുശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
