മാസങ്ങളായി തുടരുന്ന യുഎസ് ഉപരോധത്തെ തുടർന്ന് രൂക്ഷമായ ഇന്ധനക്ഷാമവും ദ്വീപിലുടനീളം ആവർത്തിച്ച വൈദ്യുതി മുടക്കങ്ങളും നേരിടുന്ന Cubaയ്ക്ക് റഷ്യയിൽ നിന്ന് മാനുഷിക സഹായമായി എണ്ണ എത്തുന്നു.
ഏകദേശം 7.3 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി റഷ്യൻ ടാങ്കർ അനറ്റോലി കൊളോഡ്കിൻ ദ്വീപ് രാജ്യത്തിന്റെ പ്രാദേശിക ജലപരിധിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ചയോടെ മാറ്റാൻസാസ് തുറമുഖത്ത് എത്തുമെന്നുമാണ് കപ്പൽ ട്രാക്കിംഗ് സേവനങ്ങൾ സൂചിപ്പിക്കുന്നത്.
ഈ മേഖലയിലുണ്ടായിരുന്ന യുഎസ് കോസ്റ്റ് ഗാർഡ് കപ്പലുകൾക്ക് ഇടപെടൽ സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ന്യുയോർക് ടൈംസിനോട് വ്യക്തമാക്കി. ഞായറാഴ്ചയ്ക്കകം ടാങ്കർ ക്യൂബയിൽ എത്താൻ അനുമതി നൽകിയതായും അദ്ദേഹം പേരുവെളിപ്പെടുത്താതെ അറിയിച്ചു.
ഇന്ധനം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തുമെന്ന ഭീഷണി ആവർത്തിച്ചിരുന്ന യുഎസ് പ്രസിഡന്റ് ട്രംപ് , ഇത്തവണ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യൻ ടാങ്കറിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, “അവർക്കു ജീവിക്കാൻ ഇത് ആവശ്യമാണ്; ആരായാലും ഇന്ധനം കൊണ്ടുവരുന്നതിൽ എതിര്‍പ്പില്ല” എന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ഹവാന ഭരണകൂടം ഉടൻ തന്നെ തകരുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും, ആവശ്യമായാൽ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
