ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സംവിധായകന്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചതായി കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ ആരംഭിച്ചതെന്നും, ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പരാതി രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി ഉണ്ടായത്. പരാതി നല്‍കിയ യുവ നടി മാനസികമായി ഏറെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കുകയും, ആവശ്യമായ കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് മൊഴി രേഖപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന നിലപാടിലാണ് പൊലീസ്.
പ്രതി ഒരു സെലിബ്രിറ്റി ആയതിനാല്‍ കേസ് വളരെ വിശദമായി പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. സംഭവവും പരാതിയും രഹസ്യമായി സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ നടന്ന സംഭവമായതിനാല്‍, അന്ന് അവിടെ ഉണ്ടായിരുന്നവര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടെന്നും, നടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നതും മറ്റു ആളുകള്‍ അവരെ ആശ്വസിപ്പിച്ചതുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു.
കൂടാതെ, രഞ്ജിത്ത് സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും, രാത്രിയില്‍ റോഡില്‍ വാഹനം തടഞ്ഞാണ് പൊലീസ് പിടികൂടിയതെന്നും അറിയിച്ചു. അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പരാതിക്കാരിയായ നടിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുതെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
