കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയും; യൂത്ത് ലീഗ് ആഹ്ളാദപ്രകടനത്തിൽ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ വിവാദ മുദ്രാവാക്യങ്ങൾ

ഇന്ന് തൊടുപുഴയിൽ നടന്ന നടന്ന യൂത്ത് ലീഗ് ആഹ്ളാദപ്രകടനത്തിനിടെ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കുമെതിരെ എതിരെ വിവാദപരവും അസഭ്യസ്വഭാവമുള്ളതുമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. “ലീഗ് ഭരിക്കും കേരള മണ്ണ്”, “കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയും” തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. “അഭിമാനത്തിന്റെ അസ്തിത്വം ആരുടെയും മുന്നിൽ പണയം വയ്ക്കില്ല” എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ ഉയർന്നു.

മുഖ്യമന്ത്രിയാകുന്ന വിഡി സതീശനെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മുദ്രാവാക്യങ്ങൾ തുടങ്ങിയത്. പിന്നാലെ “പെരുന്നയിലെൊരു നായരേ”, “ആലപ്പുഴയിലെ വെള്ളാപ്പള്ളീ” എന്നിങ്ങനെ വ്യക്തിപരമായ പരാമർശങ്ങളിലേക്ക് മുദ്രാവാക്യങ്ങൾ കടന്നതോടെ സംഭവം വിവാദമായി.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലിം ലീഗിന്റെ ഇടപെടലുണ്ടെന്ന ആരോപണവുമായി നേരത്തെ സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും മുസ്ലിം ലീഗ് ഭരണത്തിൽ കൂടുതൽ സ്വാധീനം സ്ഥാപിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായത് രമേശ് ചെന്നിത്തലയാണെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയതും ശരിയായ രാഷ്ട്രീയ നീക്കമല്ലെന്നും, മന്ത്രിസഭ രൂപീകരണത്തിലും സമാന സമ്മർദ്ദങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക