കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി എം സ്വരാജ് രംഗത്തെത്തി. “കോൺഗ്രസ് കൈപ്പത്തിയല്ല, കൈപ്പറ്റുകയാണ്” എന്ന് പറഞ്ഞ അദ്ദേഹം, അഴിമതിയുടെ വലിയ ചരിത്രമാണ് പാർട്ടിക്കുള്ളതെന്ന് ആരോപിച്ചു. “കുംഭകോണം” എന്ന പദം തന്നെ പൊതുചർച്ചയിൽ പ്രചരിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണം നഷ്ടപ്പെട്ടതോടെ പണം സമ്പാദിക്കാൻ കോൺഗ്രസ് കണ്ടെത്തിയ വഴി സീറ്റ് വിൽപ്പനയാണെന്നും, ഹരിയാനയിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാരോപണം ഉയർന്നിരിക്കുന്നതും അതിന്റെ ഭാഗമാണെന്നും സ്വരാജ് പറഞ്ഞു.
ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പി.എമാരെ ചുമതലയിൽ നിന്ന് മാറ്റിയത് കുറ്റസമ്മതം തന്നെയാണെന്നും, പണം വാങ്ങിയതായി ആരോപിക്കപ്പെടുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ പോലും ആരോപണ വിധേയർക്കു അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നും സ്വരാജ് ആരോപിച്ചു.
പഞ്ചായത്ത് മുതൽ പാർലമെന്റുവരെ സീറ്റ് വിൽക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും, “മോഷ്ടാക്കളുടെ ദേശീയ പാർട്ടി”യായി കോൺഗ്രസ് തരംതാഴ്ന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലും ചില മണ്ഡലങ്ങളിൽ സീറ്റ് വിൽപ്പന നടന്നതായി സൂചനകളുണ്ടെന്നും, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ചിലർ പ്രചാരണം ആരംഭിക്കുകയും വൻതോതിൽ പണം ചെലവഴിക്കുകയും ചെയ്തതും അതിന്റെ തെളിവാണെന്നും എം സ്വരാജ് ആരോപിച്ചു.
