അബുദാബിയിലെ അജ്ബാൻ പ്രദേശത്ത് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ഇറാന്റെ ആക്രമണം തടഞ്ഞതിന് പിന്നാലെ മിസൈൽ അവശിഷ്ടങ്ങൾ വീണ് 12 പേർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ച് പേർ ഇന്ത്യൻ പൗരന്മാരാണ്.
സംഭവത്തിൽ നേപ്പാളി പൗരന്മാരായ ആറ് പേർക്കും ഇന്ത്യൻ പൗരന്മാരായ അഞ്ച് പേർക്കും ചെറുതും ഇടത്തരവുമായ പരിക്കുകൾ ഉണ്ടായതായി അധികൃതർ അറിയിച്ചു. കൂടാതെ, ഒരു നേപ്പാളി പൗരന് ഗുരുതരമായി പരിക്കേറ്റതായും സ്ഥിരീകരിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ആക്രമണം തടഞ്ഞതിന് പിന്നാലെയാണ് അജ്ബാൻ മേഖലയിൽ അവശിഷ്ടങ്ങൾ വീണത്. സംഭവത്തിൽ ബന്ധപ്പെട്ട തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു.
അതേസമയം, ഇറാനിൽ നിന്ന് വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകളും നാല് ക്രൂയിസ് മിസൈലുകളും 47 ആളില്ലാ ആകാശ വാഹനങ്ങളും (യുഎവി) യുഎഇയുടെ വ്യോമ പ്രതിരോധം തകർത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യുഎഇയുടെ വ്യോമ പ്രതിരോധം 475 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2085 യുഎവികളും ഉപയോഗിച്ച് ആക്രമണങ്ങൾ പ്രതിരോധിച്ചതായും പ്രസ്താവനയിൽ പറയുന്നു.
