വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; പരാതി നല്‍കി സിപിഐ എം

ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോർജിനെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഐഎം പരാതി നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അസഭ്യ കമന്റുകള്‍ പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരാതി സമര്‍പ്പിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തനിക്കെതിരെ ഹീനമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. നിരന്തരം വ്യക്തിപരമായ അധിക്ഷേപങ്ങളടങ്ങിയ മോശം കമന്റുകളാണ് ലഭിക്കുന്നതെന്നും, എല്ലാ പരിധികളും ലംഘിച്ച ആക്രമണമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.

ഒരു സ്ത്രീക്കെതിരെയും ഇത്തരം സൈബര്‍ ആക്രമണം ഉണ്ടാകരുതെന്നും, സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും അവർ കൂട്ടിച്ചേര്‍ത്തു. മറ്റ് സ്ഥാനാര്‍ത്ഥികളെതിരെ താന്‍ പ്രതികരിക്കില്ലെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക