കുടകിൽ ട്രക്കിംഗിന് പോയി കാണാതായ കോഴിക്കോട് സ്വദേശിയും ഐടി പ്രൊഫഷണലുമായ ശരണ്യ (36)യെ കണ്ടെത്തി. നാലുദിവസത്തെ തിരച്ചിലിന് ശേഷമാണ് അവരെ രക്ഷപ്പെടുത്തിയത്. കുടകിലെ തഡിയൻഡമോൾ മലയുടെ താഴ്വാരത്തിലാണ് ശരണ്യയെ കണ്ടെത്തിയത്. നാലു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് കണ്ടെത്തൽ സാധ്യമായത്.
ശരണ്യ അമ്മയുമായി ഫോണിൽ സംസാരിച്ചു. താൻ ആരോഗ്യവതിയാണെന്നും ഫോണിന്റെ ചാർജ് തീർന്നതിനെ തുടർന്ന് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. “എന്നോടുണ്ടായിരുന്നത് അര ലിറ്റർ വെള്ളം മാത്രമായിരുന്നു. തിരിച്ചു വരാനുള്ള വഴി അറിയില്ലായിരുന്നു. വഴി ദുഷ്കരമായിരുന്നു, പല ഇടങ്ങളിലും വഴുക്കലുണ്ടായിരുന്നു. ഇപ്പോൾ ഞാൻ സുഖത്തിലാണ്,” ശരണ്യ പറഞ്ഞു.
ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചിരുന്നു.
എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ രണ്ടാം തീയതി ഉച്ചയ്ക്ക് ശേഷം കാണാതാകുകയായിരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനായിരുന്നു അവർ എത്തിയിരുന്നത്. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്കാണ് ട്രക്കിംഗിന് പോയത്. വഴിതെറ്റിയെന്ന് സൂചിപ്പിക്കുന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ലഭിച്ചതായി ഹോംസ്റ്റേ അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.
വിവരം ലഭിച്ചതോടെ കർണാടക വനം വകുപ്പും പൊലീസും തിരച്ചിൽ ആരംഭിച്ചെങ്കിലും ആദ്യം ഫലമുണ്ടായില്ല. ട്രെക്കിംഗ് റൂട്ടിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, പുറത്തുകടന്നതായി കണ്ടെത്താനായിരുന്നില്ല.
