തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുഴൽനാടൻ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു: മന്ത്രി കെ കൃഷ്ണൻകുട്ടി

മൂവാറ്റുപുഴ എം.എൽ.എയായ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി പൂർണമായും തള്ളി. തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ട് തന്റെ നിലപാട് വിശദീകരിച്ചു. ജലനിരപ്പ് ഉയരുന്നതിന് മുമ്പേ തന്നെ തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിയിരുന്നുവെന്നും ഇത് നിയമസഭയിൽ വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉയർത്തുന്നതെന്ന് കുഴൽനാടനെതിരെ അദ്ദേഹം വിമർശിച്ചു.

പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും മന്ത്രി വ്യക്തമാക്കി. അത് എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ശബ്ദരേഖയായിരിക്കാമെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“ഇന്ന് പ്രധാനമന്ത്രിയുടെ ശബ്ദം പോലും വ്യാജമായി നിർമ്മിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന് ഉറപ്പാണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് മാത്യു ടി തോമസ് ആണെന്നും” മന്ത്രി പറഞ്ഞു.

2018ലെ പ്രളയം മനുഷ്യനിർമിത ദുരന്തമാണെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. കരിമണൽ ലോബിക്ക് അനുകൂലമായി പ്രളയം സൃഷ്ടിച്ചതായും, തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ‘മേരി മാത’ എന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക