നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ തനിക്ക് വിസ്മയകരമായ വിജയം നേടാനാകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അയിഷാ പോറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ വിജയം ജനങ്ങൾ നേരത്തേ തന്നെ വിധിച്ചുകഴിഞ്ഞതാണെന്നും വോട്ടെണ്ണലിൽ അത് വ്യക്തമായി തെളിയുമെന്നും അവർ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ സിപിഎമ്മിന്റെ പതിവ് രീതിയാണെന്നും അവയെ ചിലരുടെ അറിവില്ലായ്മയായി മാത്രമേ കാണുന്നുള്ളൂ എന്നും അവർ പരിഹസിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ വഞ്ചകനാണെന്നും, വി.എസ്. അച്യുതാനന്ദൻ നേരിട്ട വഞ്ചനയ്ക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അവർ ആരോപിച്ചു. താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ലെന്നും, മറിച്ച് സിപിഎമ്മിനെയാണ് വഞ്ചനയുടെ കുറ്റബോധം വേട്ടയാടാനിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആർ. ബാലകൃഷ്ണപിള്ളയുടെ ശക്തികേന്ദ്രമായിരുന്ന കൊട്ടാരക്കര മണ്ഡലം 2006-ലാണ് അയിഷാ പോറ്റിയിലൂടെ എൽ.ഡി.എഫ് സ്വന്തമാക്കിയത്. തുടർന്ന് മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അവർക്ക് പകരം 2021-ൽ കെ.എൻ. ബാലഗോപാൽ എം.എൽ.എയായി എത്തി. ഇത്തവണ ബാലഗോപാലിനെ നേരിടാൻ യു.ഡി.എഫ് പാളയത്തിൽ എത്തിയ അയിഷാ പോറ്റിയുടെ നീക്കം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ആർ. രശ്മി ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് യു.ഡി.എഫിന് കൂടുതൽ വെല്ലുവിളിയാകുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എയും നിലവിലെ മന്ത്രിയും തമ്മിലുള്ള പോരാട്ടം നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
