കേരളത്തിൽ ഭരണത്തുടർച്ച എൽ.ഡി.എഫിന് ലഭിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തുടരണമെന്ന ജനാഭിപ്രായമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ വലിയ മുന്നേറ്റം കൈവരിച്ചുവെന്നും പേരാമ്പ്ര പോലുള്ള മണ്ഡലങ്ങളിൽ കണ്ട വികസനം വോട്ടായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയ വഴി സ്ഥാനാർത്ഥികളെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ പോലും തീവ്രവാദി എന്ന തരത്തിൽ പ്രചാരണം നടന്നുവെങ്കിലും അതിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐയുമായി ഇടതുമുന്നണി ധാരണ ഉണ്ടെന്ന പ്രചാരണവും അദ്ദേഹം തള്ളി; അത്തരത്തിലുള്ള സഖ്യമൊന്നും നിലവിലില്ലെന്ന് വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുമെന്ന വാദവും അസത്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഗൾഫ് വോട്ടർമാരുടെ പങ്കാളിത്തം ഇത്തവണ കുറവാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ അത് ആരെ ബാധിക്കും എന്നത് ഇപ്പോൾ വിലയിരുത്താനാകില്ലെന്നും പറഞ്ഞു. പോളിങ് ശതമാനത്തിലെ മാറ്റങ്ങൾ ഒരു മുന്നണിക്ക് അനുകൂലമോ പ്രതികൂലമോ ആകുമെന്ന പഴയ വിലയിരുത്തലുകൾ ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വിവാദങ്ങൾ ഇടതുപക്ഷത്തെ ബാധിക്കില്ലെന്നും, അടുത്തിടെ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളും പോളിങ് പ്രവണതകളും വിശദമായി വിലയിരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
