കർണാടകയിലെ ചിക്കമഗളൂരിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (15)യുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. ദുഃഖാർത്തരായ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് അദ്ദേഹം ആശ്വാസവാക്കുകൾ പങ്കുവെച്ചു. സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഒരു നാടിന്റെയും കുടുംബത്തിന്റെയും വലിയ പ്രതീക്ഷയായിരുന്ന ശ്രീനന്ദയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ മികവുറ്റ വിദ്യാർത്ഥിനിയായിരുന്ന അവൾ കലാ-കായിക രംഗങ്ങളിലും സജീവമായിരുന്നു.
കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതോടെ തന്നെ കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെട്ടു അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരണകാരണം ഇപ്പോഴും വ്യക്തമാകാത്തത് അതീവ ദുഃഖകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ കർണാടക പോലീസ് അടിയന്തരവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അപകടം നടന്ന സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തുകയും കുടുംബത്തിന്റെയും നാട്ടുകാരുടെയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യേണ്ടത് അന്വേഷണ ഏജൻസികളുടെ ഉത്തരവാദിത്തമാണെന്നും, നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
