നമ്മുടെ ശോഭനമായ ഭാവിക്ക് ഏറ്റവും വലിയ ഉറപ്പ് സ്ത്രീ പങ്കാളിത്തമായിരിക്കും: പ്രധാനമന്ത്രി മോദി

സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യാപകമായ പൊതുചർച്ചകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിനരേന്ദ്ര മോഡി വ്യക്തമാക്കി. നാരി ശക്തി വന്ദൻ പദ്ധതി രാജ്യത്തെ സ്ത്രീകളുടെ അഭിലാഷങ്ങൾക്ക് പുതിയ ചിറകുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് രാജ്യത്തിന്റെ ശോഭന ഭാവിക്ക് വലിയ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഗ്യാൻ ഭവനിൽ നടന്ന നാരി ശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് രാജ്യത്ത് ശക്തമായ ചർച്ച നടക്കുന്നതായും, ജനാധിപത്യത്തിന്റെ ശക്തി അവരുടെ സ്വപ്നങ്ങൾക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരം മുതൽ ഭരണഘടനാ രൂപീകരണം വരെ ഇന്ത്യയുടെ വളർച്ചയിൽ സ്ത്രീകൾ നൽകിയ സംഭാവനകൾ അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും വിവിധ നേതൃസ്ഥാനങ്ങളിൽ എത്തിയ സ്ത്രീകൾ രാജ്യത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി വരെ വിവിധ ഉയർന്ന സ്ഥാനങ്ങളിൽ പ്രവർത്തിച്ച സ്ത്രീകൾ രാജ്യത്തിന് വ്യത്യസ്തമായ പാരമ്പര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 14 ലക്ഷത്തിലധികം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്നും, അടിസ്ഥാന ജനാധിപത്യത്തിൽ അവരുടെ പങ്ക് ശക്തമായി ഉയർന്നുവരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് ഭരണ സംവിധാനത്തെ കൂടുതൽ സംവേദനക്ഷമമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജലം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ ഇതിന്റെ അനുകൂല ഫലങ്ങൾ വ്യക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തലത്തിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ജൽ ജീവൻ മിഷൻ പോലുള്ള പദ്ധതികളുടെ വിജയത്തിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വീക്ഷിത് ഭാരത്’ ലക്ഷ്യം കൈവരിക്കുന്നതിനുള്ള യാത്രയിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, നാരി ശക്തി വന്ദൻ പദ്ധതി സ്ത്രീകൾക്ക് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള യാത്ര കൂടുതൽ സുഗമമാക്കുമെന്നും പറഞ്ഞു.

സ്ത്രീക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളും അദ്ദേഹം പരാമർശിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സുകന്യ സമൃദ്ധി യോജന, മിഷൻ ഇന്ദ്രധനുഷ്, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന എന്നിവ സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകുന്ന പദ്ധതികളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെ പുരോഗതിക്കായി രാഷ്ട്രീയ കക്ഷികൾ എല്ലാം ഒരുമിച്ച് പ്രവർത്തിക്കണമെന്നും, നിയമനിർമ്മാതാക്കൾ സമവായത്തോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക