മോദിക്ക് ഉസ്ബെക്കിസ്ഥാൻ ബഹുമതി; ബാബറിനെ ചൂണ്ടിക്കാട്ടി ബിജെപിയെ പരിഹസിച്ച് ഒവൈസി

ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതിന് പിന്നാലെ ബിജെപിയെയും സംഘപരിവാറിനെയും പരിഹസിച്ച് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ബാബർ ജനിച്ച രാജ്യത്തുനിന്ന് തന്നെ പ്രധാനമന്ത്രിക്ക് ആദരവ് ലഭിച്ച സാഹചര്യത്തിൽ, ഇനി ബാബറുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയ വിമർശനം എങ്ങനെ തുടരുമെന്നാണ് ഒവൈസി ചോദിച്ചത്.

ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓലി ദരാജലി ദോസ്ത്ലിക്’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചതിന് പിന്നാലെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ബാബർ ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ഫെർഗാന താഴ്വരയിൽ നിന്നുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപിയെ അഭിനന്ദിക്കുന്നതായും പരിഹാസരൂപേണ പറഞ്ഞു.

‘ബാബറുടെ പേര് പറഞ്ഞ് നിങ്ങൾ പലതവണ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതേ രാജ്യത്തെ ജനങ്ങളാണ് പ്രധാനമന്ത്രിയെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത്,’ എന്ന് ഒവൈസി പറഞ്ഞു. വിദേശ സന്ദർശന വേളകളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ബഹുമതികൾ സ്വീകരിക്കുന്നത് പ്രധാനമന്ത്രി മോദിക്ക് പതിവായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി സംഘപരിവാറും ആർഎസ്എസും ബാബറുടെ പേര് ഉപയോഗിച്ച് പഴയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം നടത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി പ്രതികരിച്ചു. അദ്ദേഹത്തിന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക