മണ്ഡല പുനർനിർണ്ണയ ബിൽ ഫെഡറൽ സംവിധാനത്തിന് ഭീഷണി: മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന മണ്ഡല പുനർനിർണ്ണയ ബിൽ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ നീക്കം ഏകപക്ഷീയതയുടെ പുതിയ രൂപമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. സംസ്ഥാനങ്ങളുമായി യാതൊരു ഗൗരവമായ കൂടിയാലോചനയും നടത്താതെ കേന്ദ്രം മുന്നോട്ട് പോകുന്നതിൽ ശക്തമായ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ സംവരണ ബില്ലിന്റെ മറവിൽ ഇത്തരം നിർണായക തീരുമാനങ്ങൾ പാസാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലെത്തിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിലാണ് പുതിയ നിർദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുന്നത് സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയെയും ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ജനസംഖ്യാ നിയന്ത്രണത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുകയും, മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയ്ക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കേണ്ട നിർണായക ഘട്ടമാണിതെന്നും, സംസ്ഥാനങ്ങളുമായി സമവായവും ചർച്ചകളും നടത്തിയ ശേഷമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും റിയാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ് എന്ന ആഹ്വാനവും അദ്ദേഹം ഉയർത്തി.

മറുപടി രേഖപ്പെടുത്തുക