കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വത്തിൽ കടുത്ത അതൃപ്തി . മുന്നണി ജനങ്ങൾക്കിടയിൽ പരിഹാസ്യരാകുന്ന സാഹചര്യമാണെന്ന് ലീഗ് വിലയിരുത്തുന്നു. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയത് ശരിയായില്ലെന്നും, പരസ്യ പ്രതികരണങ്ങൾ തുടരുകയാണെങ്കിൽ ഹൈക്കമാൻഡിനെ ഇടപെടുവിക്കാനാണ് ലീഗിന്റെ നീക്കം.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്നും, കോൺഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രം അഭിപ്രായം അറിയിക്കാമെന്നുമാണ് ലീഗിന്റെ നിലപാട്. അതേസമയം, കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി.
സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ സജീവമായി ഉയരുമ്പോൾ, അനുയായികൾ തമ്മിലുള്ള സോഷ്യൽ മീഡിയ പോര് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സാഹചര്യമുണ്ട്.
മെയ് 4-ന് വോട്ടെണ്ണൽ ഫലം വന്നതിന് ശേഷം എം.എൽ.എമാരുടെ അഭിപ്രായം തേടി മാത്രമേ ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളൂ. അതുവരെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
