യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ല; അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുമെന്ന് ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ ശക്തമായി തള്ളി. ട്രംപ് ഒരു മണിക്കൂറിനിടെ ഉന്നയിച്ച ഏഴ് അവകാശവാദങ്ങളും അസത്യങ്ങളാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി. നുണ പ്രചരിപ്പിച്ച് യുദ്ധത്തിൽ വിജയിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നതല്ലെന്നും, സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും തീരുമാനങ്ങളെന്നും ഗാലിബഫ് പറഞ്ഞു. അമേരിക്ക നാവിക ഉപരോധം പിൻവലിക്കാത്ത പക്ഷം കടലിടുക്ക് വീണ്ടും അടയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിർദ്ദിഷ്ട മാർഗങ്ങളിലൂടെയും ഇറാന്റെ അനുമതിയോടെയുമാത്രമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാൻ നിഷേധിച്ചു. ആണവോർജ ആവശ്യങ്ങൾക്കായി യുറേനിയം ഉപയോഗം തുടരുമെന്നും, സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്നും ഇറാൻ നിലപാട് ആവർത്തിച്ചു.

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന അവകാശവാദം തെറ്റാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. ഹിസ്ബുല്ലയുടെ പ്രതിരോധ ശേഷിയും പ്രതിരോധ അച്ചുതണ്ടിന്റെ ഐക്യവും തന്നെയാണ് ഇസ്രയേൽ-ലെബനോൻ വെടിനിർത്തലിലേക്ക് നയിച്ചതെന്നും ഇറാൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക