രണ്ട് സത്യവാങ്മൂലങ്ങളിലായി 100 കോടിയിലധികം രൂപയുടെ വ്യത്യാസം; വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 പശ്ചാത്തലത്തിൽ, തമിഴ് വെട്രി കലഗം നേതാവ് വിജയ് പ്രഖ്യാപിച്ച സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടായതായി ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, ആദായനികുതി ഡയറക്ടർ ജനറൽ, വിജയ്, കൂടാതെ പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ സ്വത്ത് വിവരങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ചെന്നൈ സ്വദേശിയായ വിഘ്‌നേഷ് ഹർജിയിൽ ആരോപിക്കുന്നത്.

പെരമ്പൂരിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 115 കോടി രൂപയും തിരുച്ചിറപ്പള്ളിയിൽ സമർപ്പിച്ചതിൽ 220 കോടി രൂപയും ആസ്തിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഈ വ്യത്യാസത്തിന് വിശദീകരണം നൽകുന്ന അനുബന്ധ രേഖകൾ വിജയ് സമർപ്പിച്ചിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക