മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണങ്ങൾക്ക് ശേഷം പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനായി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ താത്കാലികമായി പൂർണമായി അടച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്ന 23ാം തീയതി വൈകിട്ട് ആറുമണിക്ക് ശേഷമേ അതിർത്തികൾ വീണ്ടും തുറക്കുകയുള്ളു.
ഇത്തവണ ബംഗാൾ കണ്ട ഏറ്റവും വലിയ ഹൈവോൾട്ടേജ് പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്ന 152 നിയമസഭാ മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് ബിജെപി പ്രചാരണം ശക്തമാക്കിയത്.
മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും ശക്തമായ പോരാട്ടത്തിലാണ്. 152 സീറ്റുകൾ ഇരു പാർട്ടികൾക്കും അഭിമാനപ്പോരാട്ടമായി മാറിയിരിക്കുകയാണ്. അധികാരത്തിലെത്താൻ ഈ ഘട്ടത്തിൽ മികച്ച പ്രകടനം അനിവാര്യമാണ്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായി 3,65,77,171 വോട്ടർമാരാണുള്ളത്. പുതുതായി അഞ്ച് ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എണ്ണം വർധിച്ചു. മുർഷിദാബാദ്, മാൽഡ എന്നീ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ ഫലങ്ങൾ ബംഗാളിലെ അധികാരഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
