യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷം ഇതുവരെ ശമിച്ചിട്ടില്ല. രണ്ടാം ഘട്ട ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിൻറെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പാകിസ്ഥാൻ സന്ദർശനം താൽക്കാലികമായി മാറ്റിവച്ചു. ചർച്ചകളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇറാനിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാലാണ് ഇതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ച് ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ‘ട്രൂത്ത് സോഷ്യൽ’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തി. ഇറാൻ വ്യക്തമായ പദ്ധതി തയ്യാറാക്കുന്നതുവരെ വെടിനിർത്തൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ , വെടിനിർത്തൽ നീട്ടിയാലും ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഈ വിഷയം ചർച്ചകൾക്ക് വലിയ തടസ്സമായി മാറിയിരിക്കുകയാണ് . നാവിക ഉപരോധം നീക്കുന്നതുവരെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ തീരുമാനിക്കുകയായിരുന്നു . യുഎസ് നടപടികൾ അവരുടെ ആത്മാർത്ഥതയെ സംശയിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു. വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം ചർച്ചാ പ്രക്രിയയിലെ സ്തംഭനാവസ്ഥ നിലനിൽക്കുകയാണ്.
