ത്രിശൂർ പൂരം നടത്താൻ തിരുവമ്പാടി ദേവസ്വം ബോർഡ് തീരുമാനിച്ചു. ജനവികാരം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ദേവസ്വം പ്രസിഡന്റ് രവി അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഘോഷത്തിലെ ആഡംബരം കഴിയുന്നത്ര കുറയ്ക്കുമെന്നും, മറ്റ് കാര്യങ്ങൾ മന്ത്രിതല യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു. മുണ്ടത്തിക്കോട്ടെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ദിവസം ദുഃഖാചരണം ആചരിക്കുമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.
സാമ്പിള്‍ വെടിക്കെട്ട് നടക്കേണ്ട ദിവസവും ദുഃഖാചരണം തുടരും. ലൈറ്റുകളും മറ്റ് അലങ്കാരങ്ങളും ഓഫ് ചെയ്തിരിക്കുകയാണ്. ചമയ പ്രദര്‍ശനം ഒരു ദിവസം മാറ്റിവെച്ച് 25-ാം തീയതി നടത്തും. പാറമേക്കാവ് ദേവസ്വം, ഘടക പൂരങ്ങൾ, ആന ഉടമസ്ഥർ, പഞ്ചവാദ്യം മേളക്കാർ എന്നിവരും ഇതേ നിലപാടിലാണ്. സർക്കാർ നിർബന്ധിതമായി ഒന്നും നടപ്പാക്കില്ലെന്നും വ്യക്തമാക്കി.
