ആക്രമണത്തിൽ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു; ഇസ്രായേലിനെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി ലെബനൻ

തെക്കൻ ലെബനനിലെ അൽ-തിരി ഗ്രാമത്തിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ യുദ്ധക്കുറ്റ ആരോപണവുമായി ലെബനൻ രംഗത്ത്.

അൽ-അഖ്ബർ പത്രത്തിന്റെ റിപ്പോർട്ടറായ അമൽ ഖലീലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് . സഹപ്രവർത്തക സൈനബ് ഫറാജിന് ഗുരുതരമായി പരിക്കേറ്റു. നേരത്തെ അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇവർ അവിടെ ഒളിച്ചിരിക്കുകയായിരുന്നു. ഇസ്രായേൽ വെടിവയ്പ്പ് തുടരുന്നതിനാൽ മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നിർത്തിവച്ചതോടെ ഖലീലിന്റെ മൃതദേഹം ഉടൻ വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം , ഇത് വ്യക്തമായ യുദ്ധക്കുറ്റമാണെന്നും മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ലെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതും രക്ഷാപ്രവർത്തകരെ തടയുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലെബനീസ് ഇൻഫർമേഷൻ മന്ത്രി പോൽ മോർസോയും സംഭവത്തെ ശക്തമായി അപലപിച്ചു. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഗുരുതരമായ കുറ്റകൃത്യവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപനം നിലനിൽക്കുന്നുണ്ടെങ്കിലും തെക്കൻ ലെബനനിലെ ചില അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും സജീവമാണെന്നും, സുരക്ഷാ മേഖല വിപുലീകരിച്ച് സൈനിക സാന്നിധ്യം തുടരുന്നുണ്ടെന്നും ലെബനൻ ആരോപിക്കുന്നു.

അതേസമയം, മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടെന്ന ആരോപണം ഇസ്രായേൽ സൈന്യം നിഷേധിച്ചു. സംഭവത്തെ പുനഃപരിശോധിക്കുന്നതായി അറിയിച്ച സേന, ഫോർവേഡ് ഡിഫൻസ് ലൈൻ കടന്ന വാഹനങ്ങളിൽ ഉണ്ടായിരുന്നവർ സൈനികർക്കു ഭീഷണിയുണ്ടാക്കിയതായി അവകാശപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക