കേരളത്തിൽ അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കങ്ങൾ ഓവർലോഡ് മൂലമുള്ള സ്വാഭാവിക നിയന്ത്രണങ്ങളാണെന്നും, ഇത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഭാഗത്തുനിന്നുള്ള നിയന്ത്രണമല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമസാഹചര്യത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വേറെയാണെന്നും, ഉപഭോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നിലവിൽ 6195 മെഗാവാട്ട് പിന്നിട്ട സാഹചര്യത്തിൽ, കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, കറന്റ് ചാർജ് വർധിപ്പിക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം വ്യാപകമാണെന്ന പരാതികളും ഉയരുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും, മിക്കയിടങ്ങളിലും ദിവസേന 15 മിനിറ്റിന് മുകളിലുള്ള വൈദ്യുതി മുടക്കം അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കടുത്ത ചൂട് തുടരുന്നതിനിടെ ഈ അവസ്ഥ ജനജീവിതത്തെ ബാധിക്കുന്നതായാണ് വിലയിരുത്തൽ. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പല പ്രദേശങ്ങളിലും ദിവസേന വൈദ്യുതി മുടക്കം പതിവാകുകയാണ്. “ലോഡ്ഷെഡിങ്” എന്ന പദത്തിന് പകരം “ലോഡ് റിസ്ട്രിക്ഷൻ” എന്ന പേരിൽ ഫീഡറുകൾ 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ ഓഫ് ചെയ്യുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
