കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയരുന്നു. 18 വയസ് പൂർത്തിയായതായി തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ്National Commission for Sch eduled Tribesന്റെ നിർദേശപ്രകാരം ഈ മാസം മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയത്. വിവാഹത്തിന് ശേഷമാണ് ഈ നടപടി ഉണ്ടായതെന്നതാണ് ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞ വർഷം നൽകിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടി 2008 ജനുവരി 1നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതേ രേഖ ഉപയോഗിച്ചാണ് ഈ വർഷം ആധാറും പാനും എടുത്തത്. നിയമപരമായ രേഖകളോടെയാണ് പെൺകുട്ടി കേരളത്തിലെത്തിയതെന്നും, റദ്ദാക്കൽ നടപടി വിവാഹശേഷം മാത്രമാണ് നടന്നതെന്നും, പെൺകുട്ടിയുടെ വാദം കേൾക്കാതെയാണ് ഇത് നടപ്പാക്കിയതെന്നും കണ്ടെത്തലുണ്ട്.
മാർച്ച് 11ന് കേരളത്തിൽ വെച്ചാണ് വിവാഹം നടന്നത്. എന്നാൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമാണെന്നതാണ് മധ്യപ്രദേശ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഭർത്താവിനെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശ് പോലീസിന്റെ അന്വേഷണത്തിൽ, വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരിക്കാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടി 2009 ഡിസംബർ 30നാണ് ജനിച്ചതെന്നാണ് കണ്ടെത്തൽ.
ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
