വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിവെപ്പ് ; ട്രംപിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു

വാഷിങ്ടണിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയൊച്ചകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.

വെടിയൊച്ചകൾ കേട്ടതോടെ വിരുന്ന് ഹാളിൽ പരിഭ്രാന്തി പടർന്നു. സീക്രട്ട് സർവീസ് ഏജന്റുമാരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അതിവേഗം ഇടപെട്ട് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. നിരവധി അതിഥികൾ മേശകൾക്കടിയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിന് പിന്നാലെ, സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. സുരക്ഷാ ഏജൻസികളുടെ വേഗത്തിലുള്ള ഇടപെടലിനെ അദ്ദേഹം പ്രശംസിക്കുകയും പ്രതിയെ പിടികൂടിയതായി അറിയിക്കുകയും ചെയ്തു. പരിപാടി തുടരണോ എന്നത് നിയമ നിർവ്വഹണ ഏജൻസികൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് മുതൽ എട്ട് വരെ വെടിയൊച്ചകൾ കേട്ടതായി പരിപാടിയിൽ പങ്കെടുത്തവർ അറിയിച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്ന ഹാൾ ഉടൻ ഒഴിപ്പിക്കപ്പെട്ടു. സ്ഥലത്ത് സുരക്ഷ ശക്തമാക്കി, നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

സംഭവത്തിന്റെ കൃത്യമായ സ്വഭാവം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പ് നടന്നതായി പ്രാഥമികമായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഹെഡ് ടേബിളിൽ പ്രസിഡന്റ് ട്രംപിനൊപ്പം പ്രഥമ വനിത മെലാനിലെ ട്രംപ് , വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ എന്നിവരും കാബിനറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. പ്രധാന ഉദ്യോഗസ്ഥർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക