കോൺഗ്രസിനകത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, ചില നേതാക്കൾ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെട്ട് വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. നിലവിൽ ഉയർന്നുവരുന്ന പേരുകൾക്ക് പുറമേ, മൂന്ന് നേതാക്കൾ കൂടി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ചരടുവലി നടത്തുന്നുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഭീഷണികൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്നും, നേമം ഉൾപ്പെടെ സംസ്ഥാനത്ത് ഇടത് മുന്നണി വലിയ വിജയം നേടുമെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു.
അതേസമയം, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ തന്നെ കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെയും വിവിധ വേദികളിലൂടെയും നേതാക്കൾ പരസ്പരം പ്രതികരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചയായിരിക്കുകയാണ്.
എന്നാൽ , പാർട്ടിക്കുള്ളിലെ ഇത്തരം ചർച്ചകളിൽ നിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്.
