തമിഴ്നാട്ടിൽ ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നതായി സൂചന. ഇതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ശക്തമായി.

234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ 23ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. മെയ് 4ന് ഫലം പ്രഖ്യാപിക്കും. ചതുർകോണ മത്സരമായ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 85.10 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

പീപ്പിൾസ് പൾസ് എക്‌സിറ്റ് പോള്‍ പ്രകാരം ഡിഎംകെ സഖ്യം 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടും. 118 എന്ന ഭൂരിപക്ഷ മാര്‍ക്ക് എളുപ്പത്തില്‍ മറികടക്കുമെന്നാണ് പ്രവചനം. അതേസമയം എഐഎഡിഎംകെ നയിക്കുന്ന സഖ്യം 65 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്ന് കണക്കാക്കുന്നു. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ 18 മുതല്‍ 24 വരെ സീറ്റുകള്‍ നേടി ശ്രദ്ധേയമായ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രവചനം.

എന്‍ടികെ ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് 2 മുതല്‍ 6 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് സൂചന. മറ്റ് സര്‍വേകളും സമാന പ്രവണതകളാണ് കാണിക്കുന്നത്. ആക്സിസ് മൈ ഇന്ത്യയും ഡിഎംകെ സഖ്യത്തിന് 125–145 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, എഐഎഡിഎംകെ പിന്നിലാകുമെന്നും ടിവികെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പറയുന്നു. ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, എല്ലാ പ്രധാന എക്‌സിറ്റ് പോളുകളും ഡിഎംകെ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ലീഡ് നല്‍കുന്നതാണ്. ഇതോടെ തമിഴ്നാട്ടില്‍ തുടര്‍ഭരണം ഉറപ്പാക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാകുകയാണ് .

മറുപടി രേഖപ്പെടുത്തുക