മുസ്ലിം ലീഗിൻ്റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്ലിയ

നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫാത്തിമ തഹ്‌ലിയ ജയിച്ചതോടെ ചരിത്രമാണ് എഴുതപ്പെട്ടത് . 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഫാത്തിമ തഹ്‌ലിയയ്ക്ക് 81,429 വോട്ടുകൾ ലഭിച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ടി പി രാമകൃഷ്ണൻ 76,342 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി മോഹനൻ മാസ്റ്റർ 13,042 വോട്ടുകളും നേടി.

ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയായെന്ന നിലയിൽ ഇത് വലിയ അംഗീകാരമായി കാണുന്നതായി ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചു. സർക്കാരിന്റെ അധികാര മോഹത്തിനുള്ള തിരിച്ചടിയാണ് ഈ വിജയം എന്നും, പേരാമ്പ്രയിൽ വർഗീയ പ്രചരണങ്ങൾക്കെതിരായ ശക്തമായ മറുപടിയാണിതെന്നും അവർ പറഞ്ഞു. പേരാമ്പ്ര മതേതര മണ്ഡലമാണെന്നും, ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയായതിനാൽ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇക്കുറി മുസ്ലിം ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ രണ്ടു വനിതകൾക്കാണ് ഇടം ലഭിച്ചത് — കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയും. ഈ ചരിത്ര വിജയത്തിന് പിന്നാലെ, ലീഗിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പിച്ച് ഫാത്തിമ തഹ്‌ലിയ മന്ത്രിസഭയിലെത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഇത്തവണ പേരാമ്പ്ര മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടന്നത്. വികസന വിഷയങ്ങളോടൊപ്പം വിവാദങ്ങളും മണ്ഡലത്തെ ശ്രദ്ധേയമാക്കി. പ്രത്യേകിച്ച് ഫാത്തിമ തഹ്‌ലിയക്കെതിരെ ഉണ്ടായ അനൗൺസ്മെന്റ് വിവാദവും, അതിനെ ചുറ്റിപ്പറ്റി ലീഗും സി.പി.ഐ.(എം)യും തമ്മിൽ നടന്ന ആരോപണ-പ്രത്യാരോപണങ്ങളും മണ്ഡലത്തിൽ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു.

മറുപടി രേഖപ്പെടുത്തുക