പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകാനിടയെന്ന് സൂചന. സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി മുന്നോട്ടു നിർത്തി സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി മമത ബാനർജിയെ മാറ്റി അധികാരത്തിലേക്ക് എത്തുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി വെള്ളിയാഴ്ച കൊൽക്കത്തയിൽ ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി സുവേന്ദു അധികാരിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കാനാണ് സാധ്യത. സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തനായ മുഖമായി ഉയർന്നത് സുവേന്ദു അധികാരിയാണ്. ഒരുകാലത്ത് മമത ബാനർജിയുടെ ശക്തികേന്ദ്രമായിരുന്ന നന്ദിഗ്രാമിൽ അവരെ പരാജയപ്പെടുത്തി ശ്രദ്ധേയ വിജയം നേടിയ അദ്ദേഹം, പിന്നീട് ഭവാനിപൂരിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഈ വിജയങ്ങൾ അദ്ദേഹത്തെ പാർട്ടിയിലെ നിർവിവാദ നേതാവാക്കി ഉയർത്തിയിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിപദവിയിലേക്ക് എത്തുമോയെന്നത് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.
