കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് നിർണായക പങ്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ വ്യക്തമാക്കി. എല്ലാ അന്തിമ തീരുമാനങ്ങളും ഹൈക്കമാൻഡാണ് എടുക്കുന്നതെന്നും, മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചയിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയെന്ന ആരോപണം തള്ളി ഹസൻ പ്രതികരിച്ചു.
മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന പേരുകളെ അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാനാകില്ലെന്നും, അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കും. അതേസമയം, നാളെയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കെ മുരളീധരൻ അറിയിച്ചത്.
നിയുക്ത എംഎൽഎമാർക്ക് പുറത്തുപോകാൻ നിയന്ത്രണമൊന്നുമില്ലെന്നും, മുമ്പും എംഎൽഎ അല്ലാത്ത വ്യക്തി മുഖ്യമന്ത്രിയായ ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹസൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയാകുന്നതിന് ഭരണഘടനാപരമായ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
