വന്യജീവി ആക്രമണം: വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരം, സർക്കാർ ജനങ്ങളെ കൈവിടുന്നു: പിണറായി വിജയൻ

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനംമന്ത്രിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ വന്യജീവികളുടെ ആക്രമണം മൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്.

വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയവർ ഇപ്പോൾ മലക്കം മറിയുമ്പോൾ, മലയോര മേഖലകളിലെ പ്രശ്നബാധിതരായ സാധാരണ ജനങ്ങൾ തീർത്തും അരക്ഷിതാവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി മുൻ എൽ.ഡി.എഫ്. സർക്കാർ വ്യക്തമായ കാഴ്ചപ്പാടോടെ സമഗ്ര കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ചിരുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. മുൻ സർക്കാർ നടപ്പിലാക്കിയതും വിഭാവനം ചെയ്തതുമായ പദ്ധതികൾ വെറുതെ പകർത്തി പുതിയ മട്ടിൽ അവതരിപ്പിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്യുന്നത്.

നിലവിലെ ഗുരുതര സാഹചര്യം നേരിടാൻ നൂതനമായ യാതൊരു പരിഹാരമാർഗവും മുന്നോട്ടുവെക്കാൻ ഈ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും വന്യജീവി ആക്രമണങ്ങൾക്ക് തടയിടാനും സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക