സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കൽ തുടങ്ങിയ വിഷയങ്ങളാകും പ്രധാന ചർച്ച. പ്രതിപക്ഷ നേതൃ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ചര്‍ച്ചയായിരുന്നില്ല. വിഷയം സംസ്ഥാന നേതൃത്വത്തിന് തന്നെ തീരുമാനിക്കാമെന്ന ധാരണയാണ് പിബിയിൽ ഉണ്ടായതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എകെജി സെന്ററിൽ നടന്ന 13 മണിക്കൂർ നീണ്ട അവലോകന യോഗത്തിൽ പിണറായി വിജയൻ, എംവി ഗോസിണ്ടന് മാസ്റ്റർ എന്നിവർക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. എന്നാൽ യോഗത്തിൽ ഇരുവരും വിശദമായ മറുപടി നൽകിയിരുന്നില്ല.
പാർട്ടി യോഗങ്ങളിൽ നേതാക്കൾക്കും പ്രവർത്തകർക്കും ആരെയും ഭയക്കാതെ അഭിപ്രായം പറയാനും തുറന്ന ചർച്ച നടത്താനും കഴിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പിന്നീട് വ്യക്തമാക്കിയിരുന്നു.
പിണറായി വിജയന്റെ ധാർഷ്ട്യപരമായ സമീപനം, എം.വി. ഗോവിന്ദൻ മാസ്റ്ററുടെ സ്വജനപക്ഷപാതം, പാർട്ടി സൈബർ-സോഷ്യൽ മീഡിയ വിഭാഗങ്ങളുടെ പ്രവർത്തനം എന്നിവയും വിമർശനവിധേയമായി. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ച് പിണറായി വിജയൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അദ്ദേഹം അതിൽ നിന്ന് പിന്മാറുകയാണെങ്കിൽ കെ എൻ ബാലഗോപാലിന്റെ പേര് പരിഗണിക്കപ്പെടാനിടയുണ്ടെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റി യോഗം നാളെയും മറ്റന്നാളുമായി രണ്ട് ദിവസങ്ങളിലായി ചേരും.
