റോഡ്‌സ് ആൻഡ് ട്രസ്റൻസ്പോർട്ട് അതോറിറ്റി മാൾ ഓഫ് ദി എമിറേറ്റ്‌സിൽ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കി. മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ സ്റ്റേഷൻ അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ, ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന 11 റൂട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റ്, ഡിജിറ്റൽ ടിക്കറ്റിംഗ് മെഷീനുകൾ, ബസുകളുടെയും ടാക്സികളുടെയും തത്സമയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മെട്രോ-ബസ് യാത്രകൾ കൂടുതൽ സുഗമമാക്കുന്ന രീതിയിലാണ് സ്റ്റേഷന്റെ രൂപകൽപ്പന.
പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ചാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. ആധുനിക എയർകണ്ടീഷൻ ചെയ്ത വെയ്റ്റിംഗ് ഏരിയകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വായുനിലവാരം നിരീക്ഷിക്കാൻ സ്മാർട്ട് സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണം ക്രമീകരിക്കുന്ന പുതിയ സംവിധാനവും ആർടിഎ അവതരിപ്പിച്ചു. പൊതുഗതാഗത സംവിധാനത്തെ കൂടുതൽ സാങ്കേതികമേഖലയിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സ്മാർട്ട് സ്റ്റേഷൻ നടപ്പിലാക്കിയതെന്ന് ആർടിഎ ചെയർമാൻ മാറ്റർ അൽ ടെയ്‌ലർ വ്യക്തമാക്കി.
