പൈലറ്റുമാർ തമ്മിൽ സംഘർഷമോ: വിമാനം പെട്ടെന്ന് താഴേക്ക്, പിന്നാലെ ഹൈജാക്ക് കോഡ്; ഇസ്രായേൽ യുദ്ധവിമാനങ്ങൾ പറന്നുയർന്നു

ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബായ് യാത്രാവിമാനത്തിൽ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് ആശങ്ക. 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 17,400 അടി വരെ താഴ്ന്നതോടെയാണ് അടിയന്തര സാഹചര്യം ഉണ്ടായത്. തുടർന്ന് ഹൈജാക്ക് മുന്നറിയിപ്പ് കോഡ് ലഭിച്ചതോടെ ഇസ്രായേൽ വ്യോമസേന യുദ്ധവിമാനങ്ങൾ പറന്നുയർന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. ബോയിങ് 737 മാക്സ് 8 വിമാനത്തിൽ ഏകദേശം 180 ഇസ്രായേലി യാത്രക്കാരുണ്ടായിരുന്നു. വിമാനം 34,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് പെട്ടെന്ന് താഴേക്ക് ഇറങ്ങിയത്.

വിമാനം ആദ്യം 7700 എന്ന അടിയന്തര കോഡ് അയച്ചു. പിന്നീട് 7500 എന്ന കോഡിലേക്ക് മാറിയതോടെ ഹൈജാക്ക് നടന്നിരിക്കാമെന്ന ആശങ്ക ഉയർന്നു. ഇതേത്തുടർന്നാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ജാഗ്രതയുടെ ഭാഗമായി പറന്നുയർന്നത്. എന്നാൽ പിന്നീട് ഹൈജാക്ക് ശ്രമം നടന്നിട്ടില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തർക്കം ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങിയതായും ഒരു പൈലറ്റിനെ കത്തികൊണ്ട് ആക്രമിച്ചതായി യാത്രക്കാർ റിപ്പോർട്ട് ചെയ്തതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ചില യാത്രക്കാർ ജീവനക്കാരുടെ സഹായത്തോടെ അക്രമിയെ നിയന്ത്രിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ തർക്കത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.

തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ ഇസ്രായേലിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അടിയന്തര യോഗവും ചേർന്നു.

മറുപടി രേഖപ്പെടുത്തുക