ഇന്ത്യൻ നാവികസേനയുടെ ബരാക് മിസൈൽ സംവിധാനം നവീകരിക്കും; ഇസ്രയേലുമായി 1,976 കോടി രൂപയുടെ കരാർ

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. കപ്പലുകളിലെ ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനത്തിന്റെ സമഗ്ര നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായി (ഐഎഐ) കരാർ ഒപ്പിട്ടത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്.

കരാറിന്റെ ഭാഗമായി ബരാക് മിസൈൽ സംവിധാനത്തിലെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നവീകരിക്കും. കാലപ്പഴക്കം മൂലം പ്രവർത്തനക്ഷമത നഷ്ടപ്പെടുന്ന ഘടകങ്ങൾക്കു പകരം അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഇതോടെ ശത്രുവിമാനങ്ങളിൽനിന്നും മിസൈൽ ആക്രമണങ്ങളിൽനിന്നും യുദ്ധക്കപ്പലുകളെ സംരക്ഷിക്കാനുള്ള നാവികസേനയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലെ ‘അദർ ക്യാപിറ്റൽ പ്രൊക്യുർമെന്റ്’ വിഭാഗം പ്രകാരമാണ് കരാർ അന്തിമമാക്കിയത്.

നവംബറിൽ നാവികസേനയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം ഒപ്പിടുന്ന മൂന്നാമത്തെ പ്രധാന കരാറാണിത്. നവംബർ 11ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി 498.58 കോടി രൂപയുടെ കരാറിൽ മന്ത്രാലയം ഒപ്പുവെച്ചിരുന്നു. ബ്രഹ്മപുത്ര ക്ലാസ് യുദ്ധക്കപ്പലായ ഐഎൻഎസ് ബെറ്റ്‌വയുടെ അറ്റകുറ്റപ്പണികൾക്കും എൻജിൻ നവീകരണത്തിനുമാണ് കരാർ. കപ്പലിലെ പഴയ നീരാവി പ്രൊപ്പൽഷൻ സംവിധാനം മാറ്റി പുതിയ ഡീസൽ എൻജിൻ പ്രൊപ്പൽഷൻ സംവിധാനം സ്ഥാപിക്കുന്നതും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടുത്തി പ്രവർത്തനശേഷി വർധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

നവംബർ 2ന് ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകൾ നിർമിക്കുന്നതിനായി ആഭ്യന്തര കപ്പൽശാലകളുമായി 53,866.50 കോടി രൂപയുടെ പദ്ധതിക്കും പ്രതിരോധ മന്ത്രാലയം അന്തിമരൂപം നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (ജിആർഎസ്ഇ), ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (ജിഎസ്എൽ) എന്നിവയ്ക്കാണ് നിർമാണച്ചുമതല. ജിആർഎസ്ഇ അഞ്ച് കപ്പലുകളും ജിഎസ്എൽ മൂന്ന് കപ്പലുകളും നിർമിക്കും.

അടുത്ത 10 വർഷത്തിനിടെ ഈ പദ്ധതി കപ്പൽശാലകളിൽ ഏകദേശം 72 ലക്ഷം മനുഷ്യദിനങ്ങളുടെയും അനുബന്ധ വ്യവസായങ്ങളിലും എംഎസ്എംഇകളിലുമായി 460 ലക്ഷം മനുഷ്യദിനങ്ങളുടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരാധിഷ്ഠിത ലേലത്തിലൂടെ പൊതുമേഖലാ കപ്പൽശാലകളുമായി സഹകരിച്ച് നാവികസേന സ്വന്തം രൂപകൽപ്പനയിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. തദ്ദേശീയ കപ്പൽനിർമാണം പ്രോത്സാഹിപ്പിക്കുകയും പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക