കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ പദ്ധതികളല്ല, നിലവിലുള്ള കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹമായ വിഹിതമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ലഭിക്കുന്ന 150 മെഗാവാട്ടിന് പുറമെ കേന്ദ്ര വിഹിതത്തിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജിഡിപി കണക്കെടുപ്പ് നിലവിലുള്ള പഴയ രീതിയിൽ തന്നെ തുടരണമെന്ന ആവശ്യവും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് ‘മിഷൻ സമുദ്ര’യ്ക്ക് കീഴിൽ 12 വൻകിട പദ്ധതികൾക്കായി 1,03,500 കോടി രൂപയുടെ അനുമതിയാണ് കേരളം തേടിയത്. 1,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 10.7 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം റെയിൽ ലിങ്ക് റെയിൽവേ നേരിട്ട് നിർമിച്ച് നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്കായി സംസ്ഥാനം ഇതിനകം 541 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം ഔട്ടർ റിങ് റോഡ്, ഫ്രീ ട്രേഡ് സോൺ, പോർട്ട് ഇക്കണോമിക് റീജിയൻ എന്നിവയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പൂവാർ–വിഴിഞ്ഞം മേഖലയിൽ ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്റർ അനുവദിക്കുക, കൊച്ചിൻ ഷിപ്പ്‌യാർഡ് വികസനത്തിന് അന്തിമ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.

കൊച്ചി–വിഴിഞ്ഞം മേഖലയെ ദേശീയ ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതിയിൽ കേരളത്തിന് അർഹമായ വിഹിതം കാലതാമസമില്ലാതെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

മറുപടി രേഖപ്പെടുത്തുക