‘മുഖ്യമന്ത്രി വിലക്കി’; മന്ത്രി ജനീഷിന്റെ പോസ്റ്റ് വിവാദത്തിൽ ആരോപണവുമായി സഞ്ജീവ്

അമിത് ഷായ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മന്ത്രി ഒ.ജെ. ജനീഷ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടശേഷം പിൻവലിച്ചതിനെ വിമർശിച്ചാണ് സഞ്ജീവിന്റെ പ്രതികരണം.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലാണ് പോസ്റ്റ് ഇട്ടതെന്നും മന്ത്രി എന്ന നിലയിൽ അത് പിൻവലിച്ചെന്നുമുള്ള വിശദീകരണം വിചിത്രമാണെന്ന് സഞ്ജീവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ പോസ്റ്റ് ഇടുകയല്ല ജനീഷിന്റെ ജോലിയെന്ന് വി.ഡി. സതീശൻ പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയാണ് ജനീഷിനെ വിലക്കിയതെന്നും സഞ്ജീവ് ആരോപിച്ചു.

അതേസമയം, കെ.എം. ഷാജിയുടെ സ്ത്രീകളെ സംബന്ധിച്ച പരാമർശത്തിലും സഞ്ജീവ് വിമർശനം ഉന്നയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽനിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രകടനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഷാജിയുടെ പരാമർശം സ്ത്രീകളോടുള്ള അവഹേളനമാണെന്നും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സഞ്ജീവ് വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക