കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ കോഴിക്കോട്ടെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഇടതുപക്ഷത്തെയും ബിജെപിയെയും ശക്തമായി വിമർശിച്ചു. സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും സിപിഎമ്മിനെ വിജയിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പല മണ്ഡലങ്ങളിലും ബിജെപി ദുർബല സ്ഥാനാർത്ഥികളെ നിർത്തുന്നത് ഇതിന്റെ തെളിവാണെന്നും, സിപിഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ഖാർഗെ പറഞ്ഞു. മാറ്റം ആഗ്രഹിക്കുന്നവർ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഖാർഗെയുടെ പ്രസംഗം ഷാഫി പറമ്പിൽ പരിഭാഷപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ വികസനം മുരടിച്ചിരിക്കുകയാണെന്നും, ബാറുകളുടെ എണ്ണം കൂട്ടുകയും സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കുകയും ചെയ്തതാണ് പിണറായി സർക്കാരിന്റെ പ്രധാന നേട്ടമെന്നും ഖാർഗെ പരിഹസിച്ചു. കേരള മോഡൽ തകർത്ത സർക്കാർ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റിയെന്നും, മയക്കുമരുന്ന് കേസുകളിൽ കേരളം മുന്നിലെത്തിയതും ആരോഗ്യ മേഖലയിലെ തകർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്തവരെ പിൻവാതിലിലൂടെ നിയമിക്കുന്നതായും, ശബരിമല വിഷയത്തിലും സ്വർണ്ണക്കള്ളക്കടത്ത് കേസിലും സർക്കാർ ജനങ്ങളെ വഞ്ചിച്ചതായും ഖാർഗെ ആരോപിച്ചു.
പ്രവാസികൾക്കായി യാതൊരു പദ്ധതിയും സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും, ലയണൽ മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് യുവാക്കളെയും കായിക പ്രേമികളെയും വഞ്ചിച്ചതായും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും ഖാർഗെ ഉറപ്പുനൽകി.
കർണാടകയിലും തെലങ്കാനയിലും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്നും, വാക്കുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ നേരിടാൻ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും ഖാർഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
