മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ കേരളത്തിന്റെ ഡൽഹി പ്രതിനിധിയായും നിയമിക്കും. ക്യാബിനറ്റ് പദവിയോടെയായിരിക്കും നിയമനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്ന് എം.കെ. മുനീർ മാറിനിന്നപ്പോൾ അദ്ദേഹത്തിന് പ്രധാന പദവി നൽകുമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പുനൽകിയിരുന്നു. മുസ്ലീം ലീഗുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തീരുമാനം.
സംസ്ഥാന ഭരണനിർവഹണം, ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ, വികേന്ദ്രീകരണ നടപടികൾ എന്നിവ പഠിച്ച് സർക്കാരിന് ശുപാർശകൾ സമർപ്പിക്കുകയാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ചുമതല.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രൂപീകരിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ആദ്യ അധ്യക്ഷൻ. 2021-ൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഈ പദവി നിലവിലുണ്ടായിരുന്നില്ല.
