ആലപ്പുഴയിൽ നടന്ന സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ, ക്ഷേത്രസമിതികളിൽ പാർട്ടി അംഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതോടെ ക്ഷേത്രസമിതികളിൽ ഭാരവാഹികളാകുന്നതുമായി ബന്ധപ്പെട്ടിരുന്ന പാർട്ടി നിലപാടിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് ഉയരുന്നത്.
സാമുദായിക സംഘടനകളിലും പാർട്ടി പ്രവർത്തകർക്ക് സാന്നിധ്യം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എസ്എൻഡിപിയിൽ ആർഎസ്എസ് സ്വാധീനം വർധിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം, എൻഎസ്എസ് ആർഎസ്എസിനെ അകറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഇന്നും തുടരും. ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും വിപുലീകരണം ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം, ആലപ്പുഴയിലെ സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ടിൽ വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാന വിപുലീകൃത കമ്മിറ്റി അംഗീകരിച്ച തിരുത്തൽ രേഖയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടുദിവസമായി തുടരുന്ന ജില്ലാ കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.
