യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. പിന്നാലെ ‘ട്രംപ് കടലിടുക്ക്’ എന്ന പേരിൽ ഒരു ഭൂപടം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും ചർച്ചകൾക്ക് വഴിവെച്ചു.
ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി സമ്മേളനത്തിനിടെ യുഎസ് മധ്യസ്ഥർ മുഖേനയാണ് ഇറാൻ നിർദേശം കൈമാറിയത്. ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാമെന്നായിരുന്നു നിർദേശത്തിന്റെ സാരം.
യുഎസ് സമ്മതിച്ചതിന് ശേഷം ആറാം ദിവസം മുതൽ കടലിടുക്ക് തുറക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ ഉറപ്പുകളിൽ വിശ്വാസമില്ലെന്നും ടെഹ്റാൻ ആണവായുധ ശേഷി കൈവരിക്കുന്നത് തടയാനുള്ള നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ‘Trump Strait’ എന്ന് രേഖപ്പെടുത്തിയ ഭൂപടം പങ്കുവച്ചത്. ഹോർമുസ് കടലിടുക്കിനെ നേരത്തെ ‘അമേരിക്കയുടെ പുതിയ പ്രദേശം’ എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പരാമർശങ്ങളും വീണ്ടും ചർച്ചയാവുകയാണ്.
ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ പ്രധാന വഴികളിലൊന്നായ ഹോർമുസ് കടലിടുക്ക് ലോക ഊർജ വിപണിക്ക് നിർണായക പ്രാധാന്യമുള്ള മേഖലയാണ്. ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ നടപടികൾക്കും പശ്ചാത്തല സംഘർഷങ്ങൾക്കും പിന്നാലെ ഈ വർഷം പലതവണ ഗതാഗതം തടസപ്പെട്ടിരുന്നു.
പുതിയ സംഭവവികാസങ്ങളോടെ ഹോർമുസ് വിഷയത്തിൽ യുഎസും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതൽ കടുക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
