അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനിസ്വേലയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി വിശേഷിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. ചൊവ്വാഴ്ച ട്രംപ് പങ്കുവെച്ച ഗ്രാഫിക് ചിത്രം വ്യാപകമായ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചു. ട്രംപിന്റെ പോസ്റ്റിനെതിരെ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗ്രസ് ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണിതെന്ന് അവർ ആരോപിച്ചു.
പോസ്റ്റിൽ വെനിസ്വേലൻ പ്രസിഡന്റ് മഡുറോ യുഎസ് കസ്റ്റഡിയിലായ സമയത്ത് ധരിച്ചിരുന്ന ട്രാക്ക് സ്യൂട്ടിനോട് സാമ്യമുള്ള വേഷത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ എയർഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ട്രംപ് ചൈന സന്ദർശിക്കാനൊരുങ്ങുന്നതിനിടെയാണ് സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വെനിസ്വേലയെ അമേരിക്കയുടെ പുതിയ സംസ്ഥാനമായി കാണാൻ ആഗ്രഹിക്കുന്നുവെന്ന പരാമർശം ട്രംപ് അടുത്തിടെ ഒരു അഭിമുഖത്തിനിടെ നടത്തിയതും വീണ്ടും ശ്രദ്ധ നേടുകയാണ്.
