ഹിസ്ബുള്ള സാന്നിധ്യം നേരിടാൻ തെക്കൻ ലെബനൻ ഇസ്രായേൽ പിടിച്ചടക്കും : പ്രതിരോധ മന്ത്രി

ഹിസ്ബുള്ള സായുധ സംഘങ്ങളുടെ സാന്നിധ്യം ചെറുക്കുന്നതിനായി തെക്കൻ ലെബനന്റെ ചില ഭാഗങ്ങൾ നിയന്ത്രണത്തിലാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് അറിയിച്ചു. ഈ നീക്കത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടികൾക്ക് പിന്നാലെ സംഘർഷം രൂക്ഷമായി. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനൻ ആസ്ഥാനമായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനെ തുടർന്ന് മാർച്ച് തുടക്കത്തിൽ തന്നെ ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്കെതിരെ സൈനിക നടപടി ശക്തമാക്കി.

ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ നിന്ന് 30 മുതൽ 40 കിലോമീറ്റർ വരെ വടക്കോട്ട് വ്യാപിച്ചുകിടക്കുന്ന ലിറ്റാനി നദിവരെയുള്ള പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കാനാണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ലക്ഷ്യമിടുന്നതെന്ന് കാറ്റ്‌സ് പറഞ്ഞു. സുരക്ഷാ മേഖല ഉറപ്പാകുന്നതുവരെ തെക്കൻ ലെബനനിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട സാധാരണ ജനങ്ങളെ തിരിച്ചെത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭീകര പ്രവർത്തനങ്ങളും മിസൈൽ ഭീഷണിയും നിലനിൽക്കുന്നിടത്ത് സാധാരണ ജീവിതം അനുവദിക്കില്ല. ഐഡിഎഫ് സജീവമായി ഇടപെടും,” എന്നായിരുന്നു സൈനിക മേധാവികളുമായുള്ള യോഗത്തിൽ കാറ്റ്‌സിന്റെ നിലപാട്.

ഇസ്രായേൽ അതിർത്തിക്കടുത്തുള്ള കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുമാറ്റുമെന്നും, ഗാസയിൽ ഹമാസിനെതിരെ സ്വീകരിച്ച സൈനിക തന്ത്രങ്ങളോടു സാമ്യമുള്ള സമീപനമാണ് തെക്കൻ ലെബനനിലും സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക