വയനാട് ദുരന്തം: കോൺഗ്രസ് പണം പിരിച്ചെടുത്തത് ശരിയായിരുന്നുവെങ്കിലും, അത് ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി

വയനാട് ദുരന്ത ബാധിതർക്കായുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വീട് നിർമിച്ച് നൽകാമെന്ന് പ്രഖ്യാപിച്ച് പിന്നീട് പിന്മാറിയവരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആദ്യം മുസ്ലിം ലീഗും പിന്നീട് കോൺഗ്രസും അതേ നിലപാട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

പണം പിരിച്ചെടുത്തത് ശരിയായിരുന്നുവെങ്കിലും, അത് ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീടുകളുടെ നിർമാണം സർക്കാർ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ നൽകിയ സഹായം കോൺഗ്രസിന്റെ സംഭാവനയായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെയും മുഖ്യമന്ത്രി വിമർശിച്ചു. സാധാരണയായി തിരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും, നിലവിൽ പ്രതിപക്ഷം നിസഹായ നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ഉന്നയിക്കാൻ വിഷയങ്ങളില്ലാത്തതിനാൽ നുണകളെ ആശ്രയിക്കുകയാണ് പ്രതിപക്ഷമെന്നും, അതിനായി പ്രൊഫഷണൽ ഏജൻസികളുടെ സഹായം തേടുന്നതായും അദ്ദേഹം ആരോപിച്ചു. നിയമസഭയുടെ അവസാന സമ്മേളനത്തിലും കാര്യമായ വിമർശനം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബി മുഖേന വികസനം എത്താത്ത മണ്ഡലങ്ങളുണ്ടോ എന്ന് ചോദിച്ച മുഖ്യമന്ത്രി, ഭരണപക്ഷത്തെ എതിർക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെങ്കിലും, നാടിന്റെ വികസനത്തെ എതിർക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും, അതിന് കാരണം എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അഴിമതി രഹിത സംസ്ഥാനം എന്ന നിലപാട് നിലനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക