ബജറ്റിൽ കിഫ്ബിക്കെതിരെ വിമർശനം; ‘പ്രിയദർശിനി’ പദ്ധതിക്ക് 600 കോടി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ

2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ കിഫ്ബിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നാണ് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചത്. കിഫ്ബിയുടെ പ്രവർത്തനങ്ങളും സാമ്പത്തിക ബാധ്യതകളും പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ ബജറ്റിൽ വകയിരുത്തി. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഈ പദ്ധതിക്ക് മുഖ്യമന്ത്രി പ്രത്യേക പ്രാധാന്യം നൽകി.

ആശാ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി രൂപയായി കുറച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുൻ സർക്കാർ കണക്കാക്കിയ കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി അടങ്കൽ കുറയ്ക്കേണ്ടിവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലഹരിക്കെതിരായ പോരാട്ടത്തിന് ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചു. പുതുതലമുറ ലഹരിവസ്തുക്കളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

എക്സൈസ് വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 23.31 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലഹരി വ്യാപനത്തെ ചെറുക്കുന്നതിനും പരിശോധനകൾ ശക്തമാക്കുന്നതിനുമായി ആധുനിക സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക