സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പാകിസ്ഥാനും ഏകീകൃത സിവിൽ കോഡ് വേണം: തസ്ലീമ നസ്രിൻ

ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നത് അനിവാര്യമാണെന്ന് ബംഗ്ലാദേശ് വംശജയും പ്രവാസി എഴുത്തുകാരിയുമായ തസ്ലീമ നസ്രിൻ . ഇന്ത്യയ്ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും എല്ലാവർക്കും ഒരേ നിയമം ബാധകമാകുന്ന സംവിധാനമാണ് ജനാധിപത്യത്തിനും ലിംഗസമത്വത്തിനും സഹായകരമാകുകയെന്നും അവർ പറഞ്ഞു.

കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് തസ്ലീമ നസ്രിൻ ഇക്കാര്യം വ്യക്തമാക്കിയത്. വികസിത രാജ്യങ്ങളിലെല്ലാം യുസിസിക്ക് സമാനമായ നിയമസംവിധാനങ്ങൾ നിലവിലുണ്ടെന്നും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിൽ വലിയൊരു പങ്ക് ഇത്തരം നിയമങ്ങളിലൂടെ പരിഹരിക്കാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാളിൽ യൂണിഫോം സിവിൽ കോഡിന്റെ കരട് പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് തസ്ലീമ നസ്രിന്റെ പ്രതികരണം. നിർദ്ദിഷ്ട നിയമത്തിന്റെ സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

സമത്വമാണ് ഒരു നാഗരിക സമൂഹത്തിന്റെ അടിസ്ഥാനമെങ്കിലും ഇന്നും നിരവധി സ്ത്രീകൾ വിവേചനത്തിന് ഇരയാകുന്നുണ്ടെന്ന് തസ്ലീമ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിൽ ഹിന്ദു സ്ത്രീകൾക്ക് പിതൃസ്വത്തിൽ തുല്യ അവകാശം ലഭിക്കുന്നില്ലെന്നും സ്ത്രീകൾക്ക് യഥാർഥ സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും അവർ പറഞ്ഞു.

ഏകദേശം 19 വർഷത്തിന് ശേഷം കൊൽക്കത്ത സന്ദർശിച്ച തസ്ലീമ നസ്രിനെ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. 2007-ൽ പുറത്തിറങ്ങിയ Dwikhandito എന്ന പുസ്തകത്തെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു അവർ കൊൽക്കത്ത വിടുന്നത്.

അതേസമയം, മദ്രസ വിദ്യാഭ്യാസ സംവിധാനത്തെയും തസ്ലീമ നസ്രിൻ വിമർശിച്ചു. ബംഗ്ലാദേശിലെ മദ്രസകൾ പലപ്പോഴും മതമൗലികവാദ ചിന്തകൾ വളർത്തുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. മദ്രസകളുടെ ആവശ്യകതയെ ചോദ്യം ചെയ്ത അവർ, സാധാരണ വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ സമൂഹത്തിന് കൂടുതൽ പ്രയോജനകരമായ സംഭാവനകൾ നൽകാൻ കഴിയുമെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക